റിവ്യൂ – മിസ്റ്റര്‍ മരുമകന്‍ (സംവിധാനം : സന്ധ്യാമോഹന്‍ )

മലയാളത്തിലെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ദിലീപും , അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ശ്രീമാന്‍ ഭാഗ്യരാജും കൂടി  ‘ എന്താണ് സിനിമ ; എന്താണ് അഭിനയം ‘ എന്നതിന്റെ ഉദാത്ത മാതൃക മലയാളികളെ പഠിപ്പിച്ചു കൊടുക്കുന്ന മുട്ടന്‍ പടമാണ് മിസ്റ്റര്‍ മരുമകന്‍ . കോമഡി എന്ന പേരില്‍ ചുമ്മാ വളവളാന്നു ഓരോന്ന് അടിച്ചു വിടുന്ന ദിലീപും , മൊട്ടേന്നു വിരിയാത്ത സനുഷ ബേബിയുമാണ് (അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമാണേ ; ബാക്കിയെല്ലാം ഡബിള്‍ ഓക്കേ )  ഈ പടത്തിലെ നായികാനായകന്മാര്‍ . ‘ അമ്മ അമ്മായിയമ്മ ‘ എന്ന പേരില്‍ , പണ്ട് കുടുംബ-മെലോഡ്രാമയുടെ പഴകി തേഞ്ഞ കഥ സംവിധാനിച്ച അതേ സന്ധ്യാമോഹന്‍ ആണ് ഈ മഹാ സംഭവത്തിന്റെയും സംവിധായകന്‍ .

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഹിറ്റാകുന്ന മലയാളത്തിലെ ചുമ്മാപടങ്ങളുടെ ചുമ്മാതിരക്കഥാകൃത്തുക്കള്‍ ആയ ഉദയകൃഷ്ണ – സിബി കെ തോമസ്‌ കൂട്ടുകെട്ടാണ് ഈ പടത്തിനു വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയത്. ഏച്ചുകെട്ടിയ തിരക്കഥകള്‍ കൊണ്ട് ഹിറ്റുകള്‍ തീര്‍ക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പരമമായ ജീവിത ലക്‌ഷ്യം. അതിലവര്‍ മിക്കപ്പോഴും വിജയിക്കുന്നു എന്നത് ഒരു ചെറിയ കാര്യവുമല്ല. എന്നാല്‍ , പഴയ ‘ അമ്മ അമ്മായിയമ്മ’യുടെ പ്രേതം പേറുന്ന തിരക്കഥയാണ് ഈ പടത്തിനു വേണ്ടി അവര്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒണ്ടാക്കിയത് . സംവിധായകന്‍ സന്ധ്യാമോഹനു ആ ടൈപ്പ് പടങ്ങള്‍ മാത്രമേ സംവിധാനം ചെയ്യാനറിയൂ എന്നതാവാം കാരണം .

പതിവ് പോലെ,  സരസനും  സുന്ദരനും അതിശക്തനും ബുദ്ധിമാനും പരോപകാരിയും സ്നേഹസമ്പന്നനും കലാകാരനും സര്‍വോപരി വക്കീലും നാടകട്രൂപ് ഉടമയും (ദിദാണ് വെറൈറ്റി  ) ആയ അശോക ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെടുന്ന അശോക്‌ രാജ് ആണ് ദിലീപ് ഈ ചിത്രത്തില്‍ . ദിലീപ് ഒറ്റയ്ക്ക് പത്തിരുപതു പേരെ ഇടിക്കും . അസ്സലായിട്ട്‌ പാടും , ഡാന്‍സ് ചെയ്യും  അങ്ങനെയങ്ങനെ എന്തെല്ലാം കെടക്കുന്നു. പോരെ ? പ്രേക്ഷകപ്പരിഷകള്‍ക്ക് ഇതില്‍പരം എന്ത് വേണം ? കാണൂ , കയ്യടിക്കൂ , പടം വിജയിപ്പിക്കൂ . ദാറ്റ്സ് ഓള്‍ . 🙂

സനുഷയെപറ്റി രണ്ടുവാക്ക്‌ പറയാതെവയ്യ . ( നാവുചൊറിഞ്ഞിട്ടു മേല ) . ശരീരം കൊണ്ട് പാകമായി എന്ന് തോന്നിയതുകൊണ്ടാണോ ഈ കൊച്ച് , എടുത്താല്‍ പൊങ്ങാത്ത നായികാസ്ഥാനം ഇത്രപെട്ടന്ന് ഏറ്റെടുത്തത് എന്നറിയില്ല . ഒരുമാതിരി ബ്രോയിലര്‍ കോഴിയെപ്പോലെയുള്ള ആ പ്രകടനം വളരെ നല്ല ബോര്‍ ആയിട്ടുണ്ടായിരുന്നു . ദിലീപിന്റെ അടുത്ത് ഭാര്യാവേഷത്തില്‍ നില്‍ക്കുമ്പോളും പഴയ ‘ടപ് ടപ് ജാനകി’ യുടെ ഭാവങ്ങള്‍ മാത്രമാണ് സനുഷയുടെ മുഖത്ത് മിന്നിമറഞ്ഞത്‌ . കാണാന്‍ അമുട്ടന്‍ ചരക്കായിട്ടുണ്ട് എന്ന്  യുവപ്രേക്ഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നതാണ് പിന്നെ ഏക ആശ്വാസം . സനുഷയുടെ വേഷവിധാനങ്ങള്‍ എല്ലാം ഉഗ്രന്‍ , ഉഗ്രോഗ്രന്‍ . സൂപ്പര്‍താര നായികയായി സനുഷക്കുട്ടി  ഉടന്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .

കം ടു ദി പോയിന്റ്‌ . ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് എല്ലാം ഈ പടത്തില്‍ നിന്നും പ്രതീക്ഷിക്കാം . പക്ഷെ അവയ്ക്കൊന്നും പഴയ നിലവാരത്തിന്റെ (? )  എഴയലത്തൊന്നും എത്താന്‍ പറ്റിയില്ലെന്നു മാത്രമേ ഉള്ളൂ . കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിച്ചു പോയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് . അല്ലാതെ സംവിധായകനെ തെറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല .  കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലാത്തത് കൊണ്ട്  കഥാസാരം ചുമ്മാ കുറിക്കുന്നു . ഈ പടം കാണാന്‍ വല്ലാണ്ട് മുട്ടി നില്‍ക്കുന്നവര്‍ വായിക്കണമെന്നില്ല . അല്ലാത്തവരും വായിക്കാതിരിക്കുന്നതാണ് തലവേദന ഒഴിവാക്കാന്‍ നല്ലത് .

ദിലീപിന്റെ ചേട്ടനായ ബാബുരാജിന്റെ ( ബിജുമേനോന്‍ ) കമ്പനി മൂലമുണ്ടായ കടബാധ്യതയെതുടര്‍ന്നു, ജപ്തിനടപടികള്‍ കൈക്കൊള്ളാന്‍ ഒംബുട്സ്മാന്‍ ആയി ബാലസുബ്രമണ്യം (ഭാഗ്യരാജ് ) എത്തുന്നു . ഭരതകലാക്ഷേത്രം എന്ന ഒരു വമ്പന്‍ നാടക സെറ്റപ്പിന്റെ പേരില്‍ ഇശ്യി കടം ദിലീപിന്റെ പേരിലുമുണ്ട് . എന്നാല്‍ ഈ വരുന്ന പുള്ളി  ദിലീപിന്റെ അച്ഛന്‍ കഥാപാത്രമായ രാജഗോപാലന്‍തമ്പിയുടെ (നെടുമുടി വേണു ) ബാല്യകാലസുഹൃത്താണ്. അതോടെ നായകന്‍റെ പകുതി  പ്രശ്നങ്ങള്‍ തീര്‍ന്നു കിട്ടും  ( പ്രേക്ഷകരുടെ ഏതാണ്ട് മുഴുവനായും ) . ഈ പുള്ളിയുടെ മകള്‍ (സനുഷ ) ദിലീപിന്റെ ബാല്യകാലസഖിയാണ് . ഈ പുള്ളി ഭാര്യയുമായി (ഖുശ്ബൂ ) അകന്നുകഴിയുകയാണ്. ആഹഹഹ . വെറൈറ്റി എന്ന് പറഞ്ഞാ ദിദാണ് വെറു വെറാന്നു വെറുക്കുന്ന വെറൈറ്റി . 😉

തന്റെ തലതെറിച്ച മകളെ മെരുക്കാന്‍ ദിലീപിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം കരുതുന്നു . ദിലീപിനും ഇതിനോടകം അവളോട്‌ പ്രേമം പൊട്ടിമുളച്ചു പണ്ടാരമടങ്ങി തുടങ്ങിയിരുന്നു . അഹങ്കാരത്തിനു കയ്യും കാലും വെച്ച ‘രാജ’ സീരീസുകളില്‍പെട്ട പണച്ചാക്കുകളായ രാജമല്ലിക (ഖുശ്ബൂ) , രാജകോകില (ഷീല ) , രാജലക്ഷ്മി (സനുഷ ) എന്നീ പെണ്ണുങ്ങളെ , തനിക്കു മാത്രം സാധിക്കുന്ന തന്ത്രങ്ങളിലൂടെ  നല്ലവരാക്കാന്‍ ദിലീപ് ശ്രമിക്കുന്നു . ചാനലുകളിലെ ചവറു സീരിയലുകളില്‍ കാണുന്നതരം പണക്കാരിയും സുന്ദരിയും അഹങ്കാരിയുമായ പെണ്‍കഥാപാത്രങ്ങള്‍ തന്നെയാകണം ഇതിലെ സ്ത്രീകഥാപാത്രങ്ങളുടെ  നിര്‍മിതിക്കുള്ള പ്രചോദനം .

ദിലീപ് ഓടുന്നു , ചാടുന്നു , പാടുന്നു , ഫലിതബിന്തുക്കള്‍ പറയുന്നു , സനുഷയെ കെട്ടുന്നു .  ഇടയ്ക്കു ആരൊക്കെയോ എന്തൊക്കെയോ സ്ക്രീനില്‍ വന്നുനിന്ന് പറയുന്നു. ഇതോടൊപ്പം മൂന്നു പെണ്ണുങ്ങളുടെയും അഹങ്കാരത്തിന്റെ ചില സാമ്പിളുകള്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ എറിഞ്ഞിട്ടുകൊടുക്കുന്നു . പ്രേക്ഷകര്‍ അതൊക്കെക്കണ്ട് അവരെമൂന്നിനെയും ഒപ്പം സംവിധായകനെയും ഒരുമിച്ചു പ്രാകുന്നു . 😉

നായകന്‍റെ ഉപഗ്രഹ തൊഴിലാളിയായി സലിംകുമാറും , കൂതറ കോമഡിയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയി  വെഞ്ഞാറംമൂടന്‍ സുരാജ് അവര്‍കളും പതിവ് റോളുകളില്‍ തന്നെ വന്നു പോകുന്നുണ്ട് . സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറില്‍ നിന്ന് കിട്ടിയ പുത്തന്‍ ഇമേജ് ഒരു ബാധ്യതയാവുമോ എന്ന് സംശയിപ്പിച്ചുകൊണ്ട്‌ ബാബുരാജ് പണിക്കര്‍ വക്കീലായി കടന്നുവരുന്നുണ്ട്. ഇവരെക്കൂടാതെ കോമഡി ദാരിദ്ര്യത്താല്‍ വീര്‍പ്പുമുട്ടുന്ന പാവങ്ങളായ ഹരിശ്രീ അശോകന്‍ , തെസ്നീഖാന്‍ എന്നിവര്‍ എന്തൊക്കെയോ പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട് .

ദിലീപിന്റെ പെങ്ങളെ പീഡിപ്പിക്കാന്‍ സുരാജിനെ ഏര്‍പ്പാടാക്കിയിട്ട് അടുത്ത മുറിയില്‍ കാത്തിരിക്കുന്ന ബാബുരാജിനെ ദിലീപ് വിഡ്ഢിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ. തന്റെ പെങ്ങളെ അവിടുന്ന് മാറ്റി നിര്‍ത്തി സുരാജിന് പണംനല്‍കുന്ന ദിലീപ് , ബാബുരാജിന്റെ പെങ്ങളെ   സുരാജിനെ കൊണ്ട് പീഡിപ്പിക്കുന്നു.  ഒടുക്കം ഹോട്ടല്‍ മുറിയില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്യുന്ന സ്വന്തം പെങ്ങളെ നോക്കുന്ന  ബാബുരാജിന്റെ വളിച്ച മുഖം കണ്ടു ദിലീപ് ചിരിക്കുന്നു. പ്രേക്ഷകരോടും ചിരിക്കാന്‍ പറയുന്നു .

ഇത് ഈ ചിത്രത്തിലെ ഏറ്റവും മുന്തിയ നിലവാരത്തിലുള്ള കോമഡി ആണ് . തീര്‍ത്തും അശ്ലീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം കോമഡികളാണ് സത്യത്തില്‍ മലയാള സിനിമക്ക് ഇന്ന് ആവശ്യം . ഇതുപോലുള്ള  മികച്ച സംഭവങ്ങള്‍ വേറെയുമുണ്ട്. അതൊക്കെ നിങ്ങള്‍ നേരില്‍ കണ്ടു ആസ്വദിച്ചേ പറ്റൂ .

ഇനി ഈ സീരിയലിന്റെ , സോറി സിനിമയുടെ ക്ലൈമാക്സിലേക്ക് കടക്കാം . വേലക്കാരിയായ ഭവാനി (കവിയൂര്‍ പൊന്നമ്മ ) ആണോ യഥാര്‍ഥത്തില്‍ രാജമല്ലികയുടെ  (ഖുശ്ബു) അമ്മ ? ഈ മുട്ടക്കാട്ടന്‍ രഹസ്യം തിരിച്ചറിയുന്നതോടെ  ഒടുക്കത്തെ അഹങ്കാരം ഒക്കെമാറി  രാജമല്ലിക നല്ലവളാകുമോ ? അവരെ ബാലസുബ്രമണ്യം സ്വീകരിക്കുമോ ?  ഈ പടത്തിലെ ആര്‍ക്കും പിടികിട്ടാത്ത സസ്പെന്‍സുകള്‍ ഇങ്ങനെ എത്രവേണം എടുക്കാന്‍ ?

മുന്തിയ ഇനം സാരിയും ചുട്ടികുത്തിയ പോലുള്ള മേയ്ക്കപ്പും മാറ്റി അവസാന രംഗത്തില്‍ പ്രത്യക്ഷപെട്ടാല്‍ അഹങ്കാരം മാറി നല്ലവളായി എന്ന് നമുക്ക് അനുമാനിക്കാം . ദിലീപ് കല്യാണം കഴിക്കുന്നതോട് കൂടി സനുഷ നല്ലവളാകുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ അക്കാര്യത്തില്‍ വേവലാതി വേണ്ട . എല്ലാരും നല്ലവരാകുന്ന സന്തോഷത്തില്‍ ഷീലയും നല്ലവളാകുമ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ ഇരുന്ന് ആനന്ദക്കണ്ണീര്‍ അടക്കാന്‍ പാടുപെടുകയായിരിക്കും . (പടം തീര്‍ന്നല്ലോ എന്നോര്‍ത്ത് .)

എത്ര മോശം പടമാണെങ്കിലും അതിലെ തന്റെ റോള്‍ നന്നായി ചെയ്യാന്‍ ബിജു മേനോന് എപ്പോഴും സാധിക്കാറുണ്ട് . അദ്ദേഹവുമൊത്തുള്ള  രംഗങ്ങളിലാണ് ദിലീപ്  ഈ ചിത്രത്തില്‍ ഭേദപ്പെട്ട അഭിനയം കാഴ്ചവെക്കുന്നത് . ഖുശ്ബൂ തരക്കേടില്ലായിരുന്നെങ്കിലും ഷീല സാമാന്യം ബോര്‍ ആയിട്ടുണ്ടായിരുന്നു . ബിജുമേനോന്റെ അഭിനയവും പി.സുകുമാറിന്റെ ക്യാമറയുമാണ്‌ ഈ പടത്തിലെ നല്ല ഘടകങ്ങള്‍ . വേറൊന്നും ആലോചിച്ചിട്ട് കിട്ടാത്തതുകൊണ്ട് വസ്ത്രാലങ്കാരം , മേയ്ക്കപ്പ് , ഗതാഗതം , വിതരണം , പോസ്റ്റര്‍ തുടങ്ങിയവയും നല്ലതാണെന്ന് പറയാം . 🙂

പഞ്ചാബീഹൗസിലെ നല്ല ഗാനങ്ങള്‍ക്ക് ഈണമിട്ട് സിനിമാരംഗത്തേക്ക് കടന്നു വന്ന സുരേഷ് പീറ്റേറ്സ് , ദയനീയമാം വിധം തരംതാണ ഗാനങ്ങളാണ് ഈ പടത്തില്‍ പടച്ചു വിട്ടിരിക്കുന്നത് . ‘ഓ മയോ ‘ എന്ന പുത്തന്‍ വാക്ക് സിംഹാസനത്തിലെ ഗാനത്തിന് ശേഷം ഈ പടത്തിലെ ഒരു പാട്ടിലും ഉപയോഗിച്ച് കണ്ടു . ഭയങ്കര അര്‍ഥമുള്ള എന്തോ സംഗതിയാണ് പ്രസ്തുത വാക്ക് എന്ന് മാത്രം കരുതാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ . ഗാനങ്ങള്‍ എഴുതിയ ചങ്ങാതിമാര്‍ക്കും ഒരു സലാം . (സന്തോഷ്‌ വര്‍മ്മയെന്നോ പി ടി ബിനുവെന്നോ മറ്റോ ആണ് ലവന്മാരുടെ പേരുകള്‍ . ഓര്‍ത്തു വെച്ചോ. )

ഇത്രയൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ ചിരിപ്പിക്കാനും രസിപ്പിക്കാനും മിസ്റ്റര്‍ മരുമകന് സാധിച്ചിട്ടുണ്ട് . വിവരമില്ലാത്ത കുറെ പെണ്ണുങ്ങളും (ഫെമിനിസ്റ്റുകള്‍ ചാടിവീഴല്ലേ . പ്ലീസ് . ) കുറെ ചള്ള് ചെക്കന്മാരും മുന്‍സീറ്റുകളില്‍ ഇരുന്നും കെടന്നും ആര്‍ത്തലച്ചു ചിരിക്കുന്നത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാ . (വട്ടുകേസാണോ  എന്നറിയില്ല . ) ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ ഇപ്പോഴും സാധിക്കുന്നു എന്നത് തന്നെയാണ് ദിലീപ് എന്ന നടന്റെ വിജയ രഹസ്യം . കോട്ടയത്ത്‌ പടം കാണാന്‍ സാമാന്യം ആളു കേറുന്നു എന്നത് നിര്‍മാതാവിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ് . അതായത് മരുമോന്‍ കുറെ ഓടിയാലും വല്യ അത്ഭുതമില്ലെന്നു സാരം.

ലാസ്റ്റ് വേര്‍ഡ് : ടി വി സീരിയലുകളും ‘അമ്മ അമ്മായിയമ്മ’ മോഡല്‍ പടങ്ങളും ഇഷ്ടപെടുന്നവര്‍ക്ക് കാണാന്‍ കൊള്ളാവുന്ന ഒരു ചവര്‍ചിത്രം , സോറി ചലച്ചിത്രം .

റേറ്റിംഗ് : 3.5 /10  (കറക്കികുത്തി എഴുതിയ മാര്‍ക്ക് ആണ് . കാര്യമാക്കണ്ട. 😉 )

Published by

മിണ്ടാട്ടക്കാരന്‍

കോട്ടയംകാരനായ വേദനിക്കുന്ന ഒരു കോടീശ്വരന്‍. ആയിരം രൂപയുടെ ഒറ്റനോട്ടു ഇതുവരെ തികച്ചു കണ്ടിട്ടില്ല എന്നാലും ചുമ്മാ കെടക്കട്ടെ . യേത് ? ഒരു ശുദ്ധ പാവം . ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന മഹാസാധു. വെള്ളമടിച്ചാല്‍ വെറും ആഭാസന്‍ . പൂസായാല്‍ , ഏതൊരു മലയാളിയും പോലെതന്നെ ആരാന്റെ നെഞ്ചത്ത്‌ കുതിരകേറാതെ ഉറക്കംവരാത്ത മഹാ അലവലാതി . ഡിഗ്രി നേടിയത് എഞ്ചിനീയറിങ്ങില്‍ . പക്ഷെ ഇപ്പോഴും ആ വാക്കിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല . അഹങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്ന പ്രമുഖ സാഹിത്യ-സാംസ്കാരിക വില്ലന്‍ . ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌കാരനല്ലാത്ത ഒരു അപൂര്‍വ്വ ജന്മം . എങ്കിലും കോണ്‍ഗ്രസ്സുമായിട്ടുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്തുന്ന വൈരുദ്ധ്യാത്മക ന്യു ജനറേഷന്‍ കുലംകുത്തി . ചുരുക്കി പറഞ്ഞാല്‍ ഒരു അമുട്ടികണ്ടന്‍ഇടിവെട്ട് !!! എന്നിരുന്നാലും, എഴുതുന്ന വാക്കുകളില്‍ കൃത്യത പുലര്‍ത്തുവാനും ആശയങ്ങളില്‍ സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുവാനും കഴിയണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ . അങ്ങനെ എഴുതുമ്പോള്‍ മനസ്സിലുള്ളത് മുഴുവന്‍ നിര്‍ഭയമായി വിളിച്ചുപറയാന്‍ ബ്ലോഗ് എന്ന മാധ്യമം തന്നെയാകും ഏറ്റവും ഉചിതമെന്ന് ഞാന്‍ മനസ്സിലാക്കുന്നു . അങ്ങനെയാണ് കുറച്ചുനാള്‍ മുന്‍പ് വരെ തീര്‍ത്തും അപരിചിതമായിരുന്ന ബ്ലോഗ്ഗിങ്ങിലേക്ക് തിരിയുന്നത് . ആഴമേറിയ വായനയിലൂടെ ഒരിക്കലും ഞാന്‍ സഞ്ചരിച്ചിട്ടില്ല. ലോക ക്ലാസ്സിക്കുകള്‍ എന്ന് വാഴ്ത്തുന്നവ മിക്കതും ഞാന്‍ കേട്ടിട്ട് പോലുമില്ല . എങ്കിലും മനസ്സില്‍ നിറയുന്ന കാര്യങ്ങളെ , അവ എന്തിനെ പറ്റിയുള്ളതായാലും ശരി, കപട ബുദ്ധിജീവികളുടെ വളച്ചുകെട്ടില്ലാതെ ഒരു സാധാ മലയാളിയായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരിടം . അതാണ്‌ മിണ്ടാട്ടം . നിങ്ങളും കൂടില്ലേ എന്റെ കൂടെ ഈ മിണ്ടാട്ടത്തില്‍.?? സ്വല്‍പ്പം ആധുനികമായി പറഞ്ഞാല്‍: ” ഇനിയും നീ ഇത് വഴി വരില്ലേ..ആനകളെയും തെളിച്ചുകൊണ്ട്..” :-)

9 thoughts on “റിവ്യൂ – മിസ്റ്റര്‍ മരുമകന്‍ (സംവിധാനം : സന്ധ്യാമോഹന്‍ )”

 1. എല്ലാരും നല്ലവരാകുന്ന സന്തോഷത്തില്‍ ഷീലയും നല്ലവളാകുമ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ ഇരുന്ന് ആനന്ദക്കണ്ണീര്‍ അടക്കാന്‍ പാടുപെടുകയായിരിക്കും . (പടം തീര്‍ന്നല്ലോ എന്നോര്‍ത്ത് .)

  mashe kidilam….!!!! 🙂

 2. അപ്പോള്‍ അതിന്‍റെ കാര്യത്തിലും ഒരു തീരുമാനം ആയി…. ഇനി റണ്‍ ബേബി റണ്‍ എങ്ങനെ ആണ് എന്ന് അറിയാന്‍ കാത്തിരിക്കുന്നു

 3. താപ്പാന, മരുമകന്‍, സിംഹ-“ആസനം” – ഈയിടെ ഇറങ്ങിയ ഒരുവിധം എല്ലാ കൂതറ പടങ്ങളും കണ്ടു സംതൃപ്തി അടഞ്ഞു അല്ലെ…

  സന്തോഷമായി!

 4. @ Kuttu , vishal555 , ഇളക്യ്രോനിക്സ് കേരളം , sebin , Vignesh , Vishnu Haridas : അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.. 🙂

  @Vignesh : വിഷ്ണുലോകതെ റിവ്യൂ ഇപ്പോഴാ കണ്ടത്.. ..ഇപ്പൊ തന്നെ വായിച്ചു കമ്മെന്റിയെക്കാം.. :-)”

  @Vishnu Haridas : സത്യത്തില്‍ ബ്ലോഗില്‍ ഇടാന്‍ വേറെ വിഷയമൊന്നും കിട്ടാഞ്ഞത് കൊണ്ടും കൂടിയാണ് ഇപ്പടങ്ങള്‍ എല്ലാം കണ്ടു കുറിപ്പ് എഴുതിയത്.. ഓണക്കാലമായതിനാല്‍ ഇഷ്ടം പോലെ സമയവും കിട്ടി..ഈ കോപ്രായ പടം എല്ലാം കണ്ടു തലയ്ക്കു പ്രാന്ത് പിടിച്ചു .. 🙂
  ഇനി വേറെ വല്ല വിഷയവും തലക്കകത്ത് തെളിയുമ്പോള്‍ (അങ്ങനെ ഒരത്ഭുതം നടന്നാല്‍ ) ബ്ലോഗ്ഗില്‍ കാച്ചിയെക്കാം.. 😉

  NB : ഇത് മാത്രമല്ല expendebles 2 കൂടി പോയി കണ്ടിരുന്നു.. റിവ്യൂ ഇതാ..:
  നായനകന്മാരും വില്ലന്മാരും ഠമാര്‍ പഠാര്‍ ഠമാര്‍ പഠാര്‍… ഡിഷ്യും ഡിഷ്യും…ഷ്യൂം .. ഡാം ഡൂം ഡോ… കഴിഞ്ഞു..നന്ദി നമസ്കാരം.. 🙂

 5. Super review…i watched it too.. really bad movie .. 😦
  want more reviews of this type from you..
  good work keep writing bro..

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s