റിവ്യൂ – റണ്‍ ബേബി റണ്‍ ( സംവിധാനം : ജോഷി )

ഈ ഓണക്കാലത്ത് വളരെയധികം പ്രതീക്ഷയര്‍പ്പിച്ചു പോയിക്കണ്ട ഓരോ ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി നിരാശപ്പെടുത്തികൊണ്ടിരുന്നതിനാല്‍ തീരെ പ്രതീക്ഷയില്ലാതെയാണ് ജോഷിയുടെ ‘റണ്‍ ബേബി റണ്ണിനു ‘ പോയത് . ഫാന്‍സും ഫാമിലിയും ഒരു പോലെ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍ കോട്ടയം ‘ആനന്ദി’ലെ ഫസ്റ്റ് ഷോയ്ക്ക് ആണ് കയറിയത് . ഇതേ തിയേറ്ററില്‍ ഇരുന്നുകൊണ്ട് ക്ലാസിക് കൂതറയായ ‘ മിസ്റ്റര്‍ മരുമകന്‍ ‘ കണ്ട ഷോക്ക് മാറി വരുന്നതെയുണ്ടായിരുന്നുള്ളൂ .

ഈ പടം കൂടി പൊട്ടിയാല്‍ ഈ ഓണക്കാലം ഒരു സമ്പൂര്‍ണ സിനിമാ ദുരന്തകാലമാകുമെന്നും താരജാടകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമാകുമെന്നും ഞാന്‍ കണക്കുകൂട്ടിക്കൊണ്ടിരുന്നു . ജോഷിയുടെ സമീപകാല പ്രകടനങ്ങളും അത്ര മെച്ചമോന്നുമല്ലായിരുന്നല്ലോ . എന്നാല്‍ ജോഷി എന്നെ ചതിച്ചില്ലെന്നു മാത്രമല്ല , സാമാന്യം കൊള്ളാവുന്ന ഒരു ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു . അതെ , ഇത്തവണ ജോഷി എന്നെ ചതിച്ചില്ല ആശാനെ .

സേതുവുമായിട്ടുള്ള കമ്പനി ഉപേക്ഷിച്ചതുകൊണ്ടാണോ എന്നറിയില്ല , തരക്കേടില്ലാത്ത ഒരു തിരക്കഥ ഈ ചിത്രത്തിന് വേണ്ടി എഴുതിയുണ്ടാക്കാന്‍ സച്ചിക്ക് കഴിഞ്ഞിരിക്കുകയാണ് . കഥയോ തിരക്കഥയോ അടുത്തുകൂടി പോലും എത്തിനോക്കാത്ത സമീപകാല കോടാലിപ്പടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ തിരക്കഥ പത്തരമാറ്റ്‌ തങ്കമാണെന്ന് വരെ ഞാന്‍ പറഞ്ഞുകളയും . ജോഷി അത് വളരെയധികം മികവോടെ ഫിലിമിലാക്കുകയും ചെയ്തിട്ടുണ്ട് .

സാധാരണ പ്രേക്ഷകന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നൊരു കോമഡി -ത്രില്ലര്‍ ചിത്രമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിവരും . ഈ ചിത്രത്തിലൂടെ ജോഷിയുടെ സംവിധാന മികവ് ഒരിക്കല്‍ കൂടി നാം തിരിച്ചറിയുകയാണ് . മലയാളം ന്യുസ് ചാനലുകളിലും ചാനല്‍ പ്രവര്‍ത്തകര്‍ക്കിടയിലും  നടക്കുന്ന രസകരവും ഉദ്വെഗജനകവുമായ സംഭവങ്ങളെ കഥയുടെ രസച്ചരട് മുറിഞ്ഞു പോവാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജോഷിക്ക് കഴിഞ്ഞു .

മോഹന്‍ലാല്‍ , അമലപോള്‍ , ബിജുമേനോന്‍ എന്നിവരാണ് ഈ പടത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് . മൂവരും അവരവരുടെ ജോലി നന്നായി നിര്‍വഹിച്ചിരിക്കുന്നു എന്ന് പറയാം . ഇവരോടൊപ്പം ഷമ്മി തിലകന്‍ , വിജയരാഘവന്‍ , സിദ്ദിക്ക് , സായികുമാര്‍ , കൃഷ്ണകുമാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ലാലേട്ടന്‍ സൂപ്പര്‍ ഹീറോ ഭാരങ്ങളില്ലാതെ (കുറച്ചൊക്കെ ഉണ്ട് ) റോയിട്ടെര്‍സിലെ  ക്യാമറമാന്‍ വേണുവായി  നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട് . ചുമ്മാ ലാലേട്ടന്റെ അഭിനയപാടവം മാത്രം പൊക്കിയടിച്ചുകൊണ്ട്‌ ഇത് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ വക റിവ്യൂ ആക്കി മാറ്റാന്‍ ഞാന്‍ ഉദ്യെശിക്കുന്നില്ല . ലാലേട്ടന്‍ പതിവ് പോലെ കൊള്ളാം . പ്രായത്തിനു ചേരുന്ന റോള്‍ തന്നെ . അത്രമാത്രം .

സാധാരണ  സൂപ്പര്‍സ്റ്റാര്‍ പടങ്ങളില്‍ ചുമ്മാ ഒരു കെട്ടുകാഴ്ചയായി മാത്രമാവുന്ന നായികാവേഷങ്ങള്‍ക്ക് ഒരു അപവാദമാണ് ഇതിലെ ന്യുസ് ചാനല്‍ അവതാരക രേണുകയുടെ റോള്‍ . ഈ വേഷം അമലപോളിന്റെ കയ്യില്‍ ഭദ്രമായിരുന്നു . ലാലേട്ടന്റെ കൂടെ സിനിമയില്‍ ഉടനീളം  നില്‍ക്കുന്ന കഥാപാത്രം ആകയാല്‍ ഈ വേഷം പാളിപ്പോയിരുന്നെങ്കില്‍ പടം ബോര്‍ ആയേനെ . എന്നാല്‍ ലാലെട്ടനോട് ഇടിച്ചിടിച്ചു നില്‍ക്കുന്ന പ്രകടനത്തിലൂടെ അമല തന്റെ അഭിനയപാടവവും ഗ്ലാമറും മലയാളത്തിലും വെളിവാക്കിയിരിക്കുകയാണ് . (‘മൈന’യിലൂടെ തമിഴില്‍ നേരത്തെ അഭിനയപാടവം വെളിവാക്കിയതാണ് . ‘വേട്ടൈ’യിലൂടെ ഗ്ലാമറും . ഇതിപ്പോ ഒരു പടത്തില്‍ തന്നെ രണ്ടും . ഹോ . 😉 )

ഇവരോടൊപ്പംതന്നെ നില്‍ക്കുന്ന കഥാപാത്രമാണ് ബിജുമേനോന്റെ ഋഷികേശ് . തന്റെ സമീപകാല ചിത്രങ്ങളിലെ മികച്ച പ്രകടനം അദ്ദേഹം ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു എന്ന് പറയാം . പ്രമുഖ ചാനലില്‍ നിന്നും പിരിഞ്ഞ് സ്വന്തമായി ന്യൂസ് ചാനെല്‍ തുടങ്ങി  ഒടുക്കം ജോലിക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയില്‍ പെട്ടുപോകുന്ന ഋഷികേശ് ആയി ബിജുമേനോന്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ് . പലപ്പോഴും നികേഷ്കുമാറിനെ ഓര്‍മ്മിപ്പിക്കുകയാണ് ഈ കഥാപാത്രം .  ഈ പടത്തിലെ കോമഡികള്‍ പ്രധാനമായും വരുന്നത് വേണു – ഋഷികേശ് സംഭാഷണങ്ങള്‍ക്കിടയില്‍ ആണ് .

കേട്ടാല്‍ അറയ്ക്കുന്ന കോമഡികള്‍ കുറവാണ് ഈ പടത്തില്‍ . ഒരു സദാചാരപോലിസ് ഭാവത്തില്‍ പടം കണ്ടിരുന്നാല്‍ വേണമെങ്കില്‍ പലതിലും നിലവാരമില്ലായ്മയോ അശ്ലീലമോ ആരോപിക്കാം . അതൊക്കെ നിങ്ങളുടെ ഇഷ്ടം . എന്നെപ്പോലുള്ള സാധാരണ പ്രേക്ഷകര്‍ക്ക്‌ ഇതിലെ തമാശകള്‍ ഇഷ്ടപ്പെടാന്‍ തന്നെയാണ് സാധ്യത . (സുരാജിന്റെ അശ്ലീല കോമഡിയെ ഘോരഘോരം വിമര്‍ശിക്കുന്ന ഞാന്‍ ലാലേട്ടന്റെ പടം വരുമ്പോള്‍ സൈഡുവലിവ് കാണിക്കുന്നു എന്നത് നിങ്ങളെക്കാള്‍ നന്നായി എനിക്കറിയാം . എന്തുചെയ്യാം . ആരാധകനായാലുള്ള ഓരോ പുലിവാലുകളെ.. 😉 )

കഥസാരം വളരെ ചുരുക്കി പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു . ഒരു ത്രില്ലറിന്റെ വിശദവിവരങ്ങള്‍ ഇവിടെ എഴുതി സ്പോയില്‍ ചെയ്‌താല്‍ പടം കാണാത്തവര്‍ എന്നോട് പൊറുക്കൂല . അതുകൊണ്ട് രണ്ടുവാക്കില്‍ പറയാം . സിദ്ദിക്ക് – സായികുമാര്‍ ടീം നയിക്കുന്ന  പതിവുവില്ലന്മാരുടെ പതിവ് കലാപരിപാടികള്‍ എക്സ്ക്ലൂസീവ് ആയി ക്യാമറയിലാക്കാന്‍ ശ്രമിച്ചു നടക്കുന്ന വേണുവിനും രേണുകയ്ക്കും , കൂട്ടത്തില്‍ ഋഷികേശിനും കിട്ടുന്ന പണികളും , അതിനവര്‍ കൊടുക്കുന്ന മറുപണികളുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം . ഇതെല്ലാം അല്‍പ്പം കൊള്ളാവുന്ന രൂപത്തില്‍ എടുത്തിരിക്കുന്നത് കൊണ്ട് നമുക്ക് തരിമ്പും ബോറടി ഉണ്ടാവില്ലെന്ന് മാത്രം . ചാനല്‍ ആപ്പീസിലും ഇവര്‍ക്കിടയിലും ഉണ്ടാകുന്ന ചില നുറുങ്ങു നര്‍മങ്ങളും കൂടെയുണ്ട് . ഇതിനിടക്ക്‌ ഒരു കല്ലുകടി എന്നോണം ലാല്‍ – അമല പ്രേമലീലകളും മിക്സ് ചെയ്തിട്ടുണ്ട് . (ഇടക്കാല ലാല്‍ – ലക്ഷ്മി റായ് പ്രണയലീലകളെക്കാള്‍ വളരെ വളരെ ഭേദം . ) എല്ലാക്കാലവും എല്ലാപ്പടത്തിലും ലാലേട്ടനെ കൊണ്ട് പ്രേമിപ്പിച്ചേ ഈ സിനിമാക്കാര്‍ അടങ്ങൂ . എന്താ ചെയ്ക . 😉

സത്യത്തില്‍ കഥ ,  സംവിധാനം , അഭിനയം എന്നിവയെക്കാള്‍ മികച്ചു നില്‍ക്കുന്നത് ഈ ചിത്രത്തിന്റെ ച്ഛായാഗ്രഹണമാണ്‌ . ക്യാമറമാനായ വേണു നായകന്‍ ആവുന്ന പടത്തിലെ ക്യാമറ മോശം ആകുന്നതെങ്ങനെ അല്ലെ ? ആര്‍. ഡി. രാജശേഖര്‍ നല്ല പണിയറിയാവുന്ന ക്യാമറമാന്‍ തന്നെയാണെന്ന് എനിക്ക് ഈ പടത്തോട് കൂടി മനസ്സിലായി . ഒരു മലയാളം ത്രില്ലര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ‘ നടിയുടെ കൂടെ വെള്ളത്തിലേക്ക് ചാടാന്‍ ‘ തയാറായി നില്‍ക്കുന്ന ക്യാമറയുമായി മെനക്കെടുത്താന്‍ വരുന്ന ക്യാമറമേനോന്മാര്‍ ഇദ്ദേഹത്തിന്റെ അടുത്ത് പോയി പണി പഠിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് . രാത്രി ദൃശ്യങ്ങളും , പാട്ട് സീനും ,  ചാനല്‍ ആപ്പീസിലെ രംഗങ്ങളും എല്ലാം തന്നെ അതിന്റെ മിഴിവോടെ , എന്നാല്‍ ചടുലത നഷ്ടപ്പെടാതെ  അദ്ദേഹം ക്യാമറയില്‍ ആക്കിയിരിക്കുകയാണ് .

ഇനി ഈ പടത്തിലെ സംഗീതത്തെപറ്റി . രതീഷ്‌ വേഗ ലാലേട്ടനെ കൊണ്ട് പാടിച്ച ഒരു പാട്ട് മാത്രമേ ഇതിലുള്ളൂ . വ്യക്തിപരമായി എനിക്ക് അതിഷ്ടപ്പെട്ടില്ലെന്നു മാത്രം . എങ്കിലും കേള്‍ക്കാന്‍ ഒരു വെറൈറ്റി ഒക്കെയുണ്ട് കേട്ടോ . പാട്ടിലെ രംഗങ്ങളും കൊള്ളാം .  ‘ എന്റെ പാട്ട് നിനക്ക് സഹിക്കേണ്ടിവരും ‘ എന്ന് ലാലേട്ടന്‍ നായികയോട് പറഞ്ഞതിന് ശേഷം പാടുന്നതാകയാല്‍ പാട്ടിന്റെ നിലവാരത്തിനു പ്രസക്തിയില്ലാതാവുന്നു എന്ന് കരുതാം . പക്ഷെ , പടത്തിലെ പശ്ചാത്തല സംഗീതം കലക്കി കേട്ടോ . ചെണ്ടയും മോഡേണ്‍ വാദ്യങ്ങളും ഇടകലര്‍ന്നു വരുന്ന സംഗീതം പല രംഗങ്ങളിലേയും ത്രില്ലിംഗ് ഫീല്‍ വര്‍ധിപ്പിക്കാന്‍ തീര്‍ച്ചയായും സഹായകമായിട്ടുണ്ട് .

വിമര്‍ശനത്തിനു വേണ്ടി ഒന്നുകൂടി ചുഴിഞ്ഞു ചിന്തിക്കുമ്പോള്‍ , പല പോരായ്മകളും യുക്തിയില്ലായ്മകളും ചൂണ്ടിക്കാണിക്കാന്‍ തീര്‍ച്ചയായും ഈ പടത്തിലുണ്ട് . അതൊക്കെ ഇപ്പോള്‍ പറഞ്ഞാല്‍ സ്പോയിലെര്‍ ആയിപ്പോവും . എങ്കിലും പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ നാം അതൊന്നും ചിന്തിച്ചു പോകില്ല എന്നും ഉറപ്പാണ് . അതാണ്‌ ഈ പടത്തിന്റെ വിജയവും . അതുപോലെ തന്നെ ലാലേട്ടന്റെയും അമലപോളിന്റെയും പ്രണയവും ഒഴിവാക്കാമായിരുന്നു . (എങ്കിലും സഹിക്കാം , ഞാന്‍ ഗ്യാരന്റി . ) സിദ്ദിക്കിന്റെയും സായികുമാറിന്റെയും ടിപ്പിക്കല്‍ വില്ലന്‍ വേഷങ്ങള്‍ ആവര്‍ത്തനവിരസമായി  തോന്നി . അവരുടെ വേഷങ്ങളെ   ഒന്ന് പരിഷ്കരിക്കുക എങ്കിലും ചെയ്യാമായിരുന്നു. പാട്ടിന്റെ കാര്യം ഞാന്‍ നേരത്തെതന്നെ പറഞ്ഞു കഴിഞ്ഞല്ലോ .

അങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ ,  ഈ ഓണക്കാലത്ത് ഇറങ്ങിയതില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു പടം തന്നെയാണ് റണ്‍ ബേബി റണ്‍ എന്ന് പറയാം . ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കണ്ടിരിക്കാന്‍ പറ്റിയ ഒരു നല്ല പടം .

റേറ്റിംഗ് : 7.5 / 10