ചെമ്മീന്‍ -റിവ്യൂ ( ന്യു ജനറേഷന്‍ )

മലയാളസിനിമക്ക് എണ്ണം കൂട്ടാന്‍ മാത്രം ഉതകുന്ന മറ്റൊരു സിനിമ കൂടി.രാമു കാര്യാട്ട്‌ സംവിധാനം ചെയ്തു അണിയിച്ചൊരുക്കിയ ‘ ചെമ്മീന്‍ ‘ എന്ന കടല്‍ സിനിമയെ ക്കുറിച്ചാണ് പറഞ്ഞു വന്നത്.എത്ര ആലോചിച്ചിട്ടും ഈ സിനിമയെ പറ്റി ഒരു നല്ല വാക്ക് എഴുതാന്‍ എനിക്ക് സാധിക്കുന്നില്ല..ഹിന്ദു  മുസ്ലിം ക്രോസ്  പ്രണയങ്ങളെ ഒരിക്കലും സമൂഹം അംഗീകരിക്കുകയില്ല എന്നും അവ എന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും  എങ്ങനെ വളച്ചൊടിച്ചു പറയാം എന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഇതില്‍..കഥാപരമായും കലാപരമായും പിന്നാക്കം നില്‍ക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് ചെമ്മീന്‍..ഈ ചിത്രത്തിന് ചീഞ്ഞ ചെമ്മീന്‍ എന്ന പേരാണ് കൂടുതല്‍ യോജിക്കുക എന്ന് പടം കണ്ടു ഇറങ്ങിയ ഒരു പ്രേക്ഷകന്‍ എന്നോട് നേരിട്ട് പറയുകയുണ്ടായി..

പരീക്കുട്ടി (മധു ), കറുത്തമ്മ (ഷീല )എന്നീ കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും അവരുടെ മണ്‌കുണാ അഭിനയം പ്രേക്ഷരെ ബോറടിപ്പിക്കുന്നുണ്ട്. കണ്ടുമടുത്ത നാടക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അഭിനയിച്ച  കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച ചെമ്പന്‍ കുഞ്ഞാണ് ഈ കഥയിലെ യഥാര്‍ഥ ഹീറോ.ഒരു നായര്‍ക്ക്‌ തന്നെ ഈ വേഷം ലഭിക്കണം എന്ന എന്‍.എസ്.എസിന്റെ ദുരുദ്ദേശപരമായ വാശി കൊണ്ടാണ് അദേഹത്തിന് തന്നെ ഈ റോള്‍ കൊടുത്തത് എന്നൂഹിക്കാം  ..അങ്ങനെ വരുമ്പോള്‍ ചെമ്പന്‍കുഞ്ഞിന്റെ ഭാര്യയായി അഭിനയിച്ച അടൂര്‍ ഭവാനി ആണ് ഈ സിനിമയിലെ നായിക..ഈ വസ്തുത മറച്ചു വെച്ചു കൊണ്ടാണ് സംവിധായകന്‍ പരീകുട്ടി-കറുത്തമ്മ ക്ലീഷേ പ്രണയ ചവറിനെ മഹത്വവല്‍ക്കരിക്കാന്‍ ദയനീയമായി ശ്രമിച്ചിരിക്കുന്നത്..

പെണ്ണുങ്ങള്‍ കുണുങ്ങുന്നത്  പോലുള്ള മധുവിന്റെ ഭാവപ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഓക്കാനം ഉണ്ടാക്കുന്നതാണ് . ‘ഓവര്‍ ആക്ടിംഗ് എന്ത്’ എന്നുള്ളതിന്റെ ലൈവ് ഡമോണ്‍സ്ട്രെഷന്‍ ആണ് ഒരര്‍ഥത്തില്‍ ഷീലയുടെ പ്രകടനം..ഒരു കുട്ട പൌഡര്‍ വാരി പൂശിയിരിക്കുന്ന ഇരുവരുടെയും മുഖത്തു ചളിപ്പോടെ അല്ലാതെ പ്രേക്ഷകര്‍ക്ക്‌ നോക്കാനേ കഴിയുന്നില്ല..മധുവിന്റെ എലിവാലു പോലുള്ള മീശ വെച്ചു കൊടുത്ത മേക്അപ്പ്‌മാനെ എവിടെ വെച്ചു കയ്യില്‍ കിട്ടിയാലും ജനം തല്ലികൊല്ലും എന്ന് തീര്‍ച്ച..

പളനി എന്ന വില്ലന്‍ടച്ചുള്ള വേഷത്തില്‍ വരുന്ന സത്യനും ഈ ചിത്രംകൊണ്ട് വല്യ മെച്ചമൊന്നും ഉണ്ടാക്കില്ലെന്ന് കരുതാം..പളനിയെ ക്ലൈമാക്സില്‍ നിഷ്കരുണം കൊല്ലാന്‍ തീരുമാനിച്ച സംവിധായകന്‍ പ്രേംനസീര്‍ ഫാന്‍സ്‌കാരുടെ പണം പറ്റുന്നയാളാണെന്നു സത്യന്‍ ഫാന്‍സ്‌ പ്രസിഡന്റ്‌ ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞത് അവഗണിക്കാനാവില്ല..അത്ര മാത്രം മോശമായിട്ടാണ് സത്യന്റെ കഥാപാത്രത്തെ കാര്യാട്ട് നശിപ്പിച്ചിരിക്കുന്നത്..

കടലിനെ ഒരു കഥാപാത്രമായി  കൊണ്ട് വരാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മോശം ചായാഗ്രഹണം അതിനു വിലങ്ങുതടിയാവുകയാണ്‌ ഉണ്ടായത്. മാര്‍ക്കസ് ബാര്ട്ടെലി എന്ന അമച്വര്‍ ക്യാമറമാന്റെ ശുംഭത്തരം  കാരണം പല  പ്രധാന സീനുകളിലും  ക്യാമറ ഔട്ട്‌ ഓഫ് ഫോക്കസ് ആയി പോകാന്‍ ഇടയായി..ഇത് കാര്യാട്ട്‌ പ്രിവ്യൂ വേളയില്‍ പോലും ശ്രദ്ധിച്ചിരുന്നില്ല എന്നുള്ളത് അവരുടെ അശ്രദ്ധാപൂര്‍വ്വമായ സമീപനത്തിന്റെ തെളിവാണ്..കടലിന്റെ അടിയിലൂടെ ക്യാമറയെ കൊണ്ട് പോയി കൂടുതല്‍ റിസ്ക്കുള്ള സീനുകള്‍ എടുക്കാന്‍ കഴിവുള്ള ക്യാമറമേനോന്മാര്‍ ധാരാളം ഉള്ള മലയാളത്തില്‍ ഒരു വരത്തനെ കൊണ്ടുവന്നു ഈ ഭോഷ്ക്ക് കാണിച്ചതിന് സംവിധായകനെ മാത്രം പറഞ്ഞാല്‍ മതിയല്ലോ..

ഷീല -സത്യന്‍ കല്യാണ സീനില്‍ ഒരു സദ്യ പോലും നേരാംവണ്ണം ഷൂട്ട്‌ ചെയ്യാന്‍ അറിയാത്ത സംവിധായകന്‍,  എച്ചില്‍ ഇല തിന്നുന്ന കാക്കകളെ കാണിച്ചു കൊണ്ടാണ് നിര്‍മാതാവിന് ലാഭം ഉണ്ടാക്കി കൊടുത്തത്..അതല്ല ,മറ്റൊരുത്തന്‍ പ്രേമിച്ച  പെണ്ണിനെ സത്യന്‍ കല്യാണം കഴിക്കുന്നത് എച്ചില്‍ തിന്നുന്നതിനു സമാനമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഉള്ള ദുരുദ്ദേശ പരമായ സീന്‍ ആണിതെന്നു സത്യന്‍ഫാന്‍സ്‌കാര്‍ ഇതിനോടകം ആരോപണം ഉന്നയിച്ചിട്ടുണ്ട്..

കഥയെ പറ്റി പറയാതിരിക്കുകയാണ് നല്ലത്..അങ്ങനൊരു സാധനം ഉണ്ടായിട്ടു വേണ്ടേ..ഒരു മുസ്ലിം മൊയലാളി ആയ ചെറുപ്പക്കാരന്‍ ഒരു ഹിന്ദു മുക്കുവ സ്ത്രീയെ പ്രണയിച്ചാല്‍ എന്ത് സംഭവിക്കുമോ, അത് തന്നെ വള്ളിപുള്ളി തെറ്റാതെ ഈ സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കും.’തട്ടതിന്‍ മറയത്തില്‍ ‘ നമ്മള്‍ കണ്ടു മടുത്ത അതേ പ്രണയം നേരെ എടുത്തു തിരിച്ചിട്ടു എന്ന് മാത്രം .എന്നിട്ട് അതിനു ഒന്നും പോരാഞ്ഞിട്ട് കടലിന്റെ ഒരു പശ്ചാത്തലവും കൊടുത്തു. ട്വിസ്റ്റ്‌ വരുത്താനുള്ള ദയനീയ ശ്രമത്തിന്റെ ഭാഗമായി  പതിവ് ശുഭപര്യവസാന ക്ലൈമാക്സിനു പകരം എല്ലാരും മരിക്കുന്ന ഭീകര രംഗം ആണ് സംവിധായകന്‍ തിരുകി കയറ്റിയിരിക്കുന്നത്.. നായകനും നായികയും വില്ലനും പോരാത്തതിന് ഒരു മുഴുത്ത സ്രാവും ഈ മരണപ്പെട്ടവരില്‍ ഉള്‍പെടും ..ഇതില്‍ പളനിയുടെ മൃതദേഹം എവിടെ എന്നുള്ള ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ്‌ സിനിമ അവസാനിക്കുനത്..

അതിഭീകരമായ, ബീഭത്സമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ സിനിമ..കൊട്ടാരക്കരയുടെ തെറി വിളികള്‍ ചളിപ്പോടെ മാത്രമേ  കുടുംബസമേതം ആസ്വദിക്കാന്‍ പറ്റുകയുള്ളൂ..നേരത്തെ  പറഞ്ഞ സ്രാവിന്റെത് ഉള്‍പെടെയുള്ള  അതിക്രൂരമായ കൊലപാതക സീനുകള്‍ കൊണ്ടും അവസാന രംഗത്തെ മധു -ഷീല ജോടികളുടെ ഇഴുകിച്ചേര്‍ന്നുള്ള അഭിനയം കൊണ്ടും ഒരിക്കലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്തതാണ് ഈ സിനിമ..

ജാതിവ്യവസ്ഥയെ മഹത്വവല്‍ക്കരിക്ക്കാനും ,അതിനു വിരുദ്ധമായ പ്രവണതകളെ പ്രകൃതി (കടല്‍ ) അനുവദിക്കില്ലെന്നും ഉള്ള മിത്ത് പ്രചരിപ്പിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്..അതിനോടൊപ്പം ന്യു ജനറേഷന്‍ സിനിമകളില്‍ അവശ്യഘടകമായ അവിഹിത ബന്ധങ്ങളുടെ നിസാരവല്‍കരണവും ഇതില്‍ ഉണ്ട്..കൊട്ടാരക്കരയുടെ മെയില്‍ ഷോവനിസ്റ്റ് ചിന്താധാരകളും ഭ്രാന്തമായ സ്വഭാവ പരിണാമങ്ങളും പ്രക്ഷകരിലേക്ക് അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് ചെറുക്കപ്പെടെണ്ടതാണ്..

ബാന്ഗ്ലൂരില്‍ ജോലി ചെയ്യുന്ന നഴ്സുമാരെല്ലാം പോക്കാണെന്നു മറ്റൊരു സംവിധായകന്‍ പറഞ്ഞു വെച്ചതിന്റെ കെട്ടടങ്ങും മുന്പ് , കേരളത്തിലെ മുക്കുവ തൊഴിലാളികളായ പെണ്ണുങ്ങള്‍ മുഴുവനും അഴിഞ്ഞാടി വല്ലവന്റെയും കൂടെ ഇറങ്ങി പോയി ചാവുന്നവളുംമാരാണെന്ന് പറയാനാണ് ഹേ സംവിധായകാ താങ്കളുടെ  ഉദ്ദേശമെങ്കില്‍ , ഇവിടെയുള്ള  മീന്‍വില്‍ക്കുന്ന പെണ്ണുങ്ങള്‍ താങ്കളെ മത്തി വാരണ കൈകൊണ്ടു  വേണ്ട വിധം കൈകാര്യം ചെയ്യും എന്ന് തന്നെ പറഞ്ഞുകൊള്ളട്ടെ..

സലില്‍ ചൌധരി ഈണമിട്ട ഗാനങ്ങള്‍ യുവാക്കളെ ഇളക്കിമറിക്കുന്നതാണെങ്കിലും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയിട്ടില്ല എന്ന് തന്നെ പറയാം..സത്യം പറഞ്ഞാല്‍ എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല ..”ചാകര… ചാകര…..”എന്ന ഗാനത്തില്‍ പ്രസ്തുത വാക്ക് എത്ര തവണയാണ് ഉപയോഗിച്ചിരിക്കുന്നത്..ഒരു മാതിരി മലയാളത്തില്‍ വേറെ വാക്കുകള്‍ ഒന്നും ഇല്ലാത്തത് പോലെ.ഇത്തരം ഗാനങ്ങള്‍ നിരോധിക്കേണ്ടതാണ് എന്നാണു എനിക്ക് പറയാനുള്ളത്..

ഈ പറഞ്ഞതിനൊക്കെ പുറമേ  നിരവധി ലോജിക്ക് ഇല്ലായ്മകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം..ഒന്നാമതായി കടലില്‍ ഇത്രയും മുഴുത്ത സ്രാവിനെ പിടിക്കാന്‍ പോകുന്ന പളനി എന്ത് തരം ഇരയെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല..മണ്ണിരയാണോ അതോ മത്തിക്കുടലാണോ അതെന്നു വ്യക്തമാക്കത്തത് പ്രേക്ഷകരെ ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുണ്ട്..അവസാനം പ്രസ്തുത സ്രാവ് മരിക്കുന്നത് എങ്ങനെയാണ് എന്നത് പ്രേക്ഷകര്‍ക്ക്‌ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ..പളനി ഇരയില്‍ ഉപയോഗിച്ച വിഷമാണോ..അതോ പളനിയുമായുള്ള മല്‍പിടുത്തത്തില്‍ പറ്റിയ പരിക്കാണോ..അതോ വെള്ളത്തിനടിയില്‍ പെട്ട് ശ്വാസം മുട്ടിയുള്ള മുങ്ങി മരണമാണോ അത് എന്നത് പ്രേക്ഷകരെ വല്ലാതെ കുഴക്കുന്ന ഒരു സമസ്യയാണ്..കടല്‍ചുഴി എന്ന പേരില്‍ കാണിക്കുന്ന  ബക്കറ്റില്‍ ആരോ വിരലിട്ടു കറക്കിയത് പോലെയുള്ള വെള്ളം പ്രേക്ഷകരുടെ സാമാന്യയുക്തിയെ പരീക്ഷിക്കുന്നുണ്ട്..

തന്റെ മുടക്ക് മുതല്‍ എവിടെ എന്ന ദയനീയ ചോദ്യം ഉയര്‍ത്തികൊണ്ടു ഈ ചിത്രം നിര്‍മ്മിച്ച ബാബു ഇസ്മയില്‍ സേട്ട് രംഗത്ത് വന്നത് സിനിമയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്..ചിത്രം പ്രൊഡ്യൂസറുടെ അണ്ടം കീറുമെന്നാണ് ഇതുവരെയുള്ള തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..

മത്സ്യത്തൊഴിലാളികള്‍ക്ക് കൊടുത്തിരുന്ന പല ഇളവുകളും വെട്ടിക്കുറച്ച്, അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന  സര്‍ക്കാര്‍ എന്തിനാണ് , ‘ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രം’ എന്ന ലേബലില്‍ ഈ പൊട്ടപടത്തിനു  നികുതി ഇളവു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..

അതിനിടെ ഈ പടത്തിന്റെ കഥ തകഴിയുടെ നോവല്‍ അല്ലെന്നും , ഇത് ലാറ്റിനമെരിക്കന്‍ ചിത്രമായ “സീ ആന്‍ഡ്‌ ദി കൊണാണ്ടെര്‍ ” എന്ന പടത്തിന്റെയും ചൈനീസ്‌ കൊറിയന്‍ സംയുക്ത സംരഭമായ “ചെം -മിന്‍- ലിന്‍- തുന്ഗ് ” എന്ന പടത്തിന്റെയും പ്രസക്തഭാഗങ്ങള്‍ അടിച്ചുമാറ്റി ഉണ്ടാക്കിയതാണെന്നും ഞാന്‍ കഷ്ടപ്പെട്ട്  കണ്ടെത്തിയിട്ടുണ്ട്..അല്ലെങ്കിലും സ്വന്തമായി ഏതാണ്  ഈ സിനിമാക്കാര്‍ ഇതിനു മുന്‍പ് ചെയ്തിരിക്കുന്നത്..

ഈ പടം കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡിന് വേണ്ടി മത്സരിക്കുന്നുണ്ട് എന്നാണ് ഒടുവില്‍കേട്ട വാര്‍ത്ത .റെക്കമെന്റ് ചെയ്യാനും കോഴവാങ്ങാനും  ആള്  ഉള്ളിടത്തോളം  കാലം  ഏതു  ചവറിനും  അവാര്‍ഡ് കിട്ടുന്ന നമ്മുടെ നാട്ടില്‍ ഈ പടത്തിനും അത് കിട്ടിയാല്‍ അത്ഭുതപ്പെണ്ടതില്ല എന്ന് മാത്രം പറഞ്ഞു കൊണ്ട് എന്റെ ഈ റിവ്യൂ നിര്‍ത്തുന്നു …(ഞാന്‍ ഈ പടത്തിനു പത്തില്‍ 0.5 മാര്‍ക്ക് കൊടുക്കുന്നു..)

മാപ്പപേക്ഷ:
ചില ന്യു ജനറേഷന്‍ റിവ്യു എഴുത്തുകാര്‍ നല്ല പടങ്ങളെകുറിച്ചു പോലും അര്‍ഥമില്ലാത്ത  കൊടിയ വിമര്‍ശനം നടത്തി ബുദ്ധിജീവി കളിക്കുന്നത് കണ്ട് സഹികെട്ട് എഴുതിപ്പോയതാണ്.എഴുതിയതിനു ദൈര്‍ഘ്യം കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക..അതുപോലെ, മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ ‘ചെമ്മീന്‍ ‘ എന്ന ചലച്ചിത്ര കാവ്യത്തിനെ പറ്റി ദോഷം എഴുതിയ ഈ അവിവേകിയോടു  അണിയറയില്‍ പ്രവര്‍ത്തിച്ച  എല്ലാവരും (മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല..എങ്കിലും )  സദയം പൊറുക്കുക

Published by

മിണ്ടാട്ടക്കാരന്‍

കോട്ടയംകാരനായ വേദനിക്കുന്ന ഒരു കോടീശ്വരന്‍. ആയിരം രൂപയുടെ ഒറ്റനോട്ടു ഇതുവരെ തികച്ചു കണ്ടിട്ടില്ല എന്നാലും ചുമ്മാ കെടക്കട്ടെ . യേത് ? ഒരു ശുദ്ധ പാവം . ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന മഹാസാധു. വെള്ളമടിച്ചാല്‍ വെറും ആഭാസന്‍ . പൂസായാല്‍ , ഏതൊരു മലയാളിയും പോലെതന്നെ ആരാന്റെ നെഞ്ചത്ത്‌ കുതിരകേറാതെ ഉറക്കംവരാത്ത മഹാ അലവലാതി . ഡിഗ്രി നേടിയത് എഞ്ചിനീയറിങ്ങില്‍ . പക്ഷെ ഇപ്പോഴും ആ വാക്കിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല . അഹങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്ന പ്രമുഖ സാഹിത്യ-സാംസ്കാരിക വില്ലന്‍ . ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌കാരനല്ലാത്ത ഒരു അപൂര്‍വ്വ ജന്മം . എങ്കിലും കോണ്‍ഗ്രസ്സുമായിട്ടുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്തുന്ന വൈരുദ്ധ്യാത്മക ന്യു ജനറേഷന്‍ കുലംകുത്തി . ചുരുക്കി പറഞ്ഞാല്‍ ഒരു അമുട്ടികണ്ടന്‍ഇടിവെട്ട് !!! എന്നിരുന്നാലും, എഴുതുന്ന വാക്കുകളില്‍ കൃത്യത പുലര്‍ത്തുവാനും ആശയങ്ങളില്‍ സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുവാനും കഴിയണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ . അങ്ങനെ എഴുതുമ്പോള്‍ മനസ്സിലുള്ളത് മുഴുവന്‍ നിര്‍ഭയമായി വിളിച്ചുപറയാന്‍ ബ്ലോഗ് എന്ന മാധ്യമം തന്നെയാകും ഏറ്റവും ഉചിതമെന്ന് ഞാന്‍ മനസ്സിലാക്കുന്നു . അങ്ങനെയാണ് കുറച്ചുനാള്‍ മുന്‍പ് വരെ തീര്‍ത്തും അപരിചിതമായിരുന്ന ബ്ലോഗ്ഗിങ്ങിലേക്ക് തിരിയുന്നത് . ആഴമേറിയ വായനയിലൂടെ ഒരിക്കലും ഞാന്‍ സഞ്ചരിച്ചിട്ടില്ല. ലോക ക്ലാസ്സിക്കുകള്‍ എന്ന് വാഴ്ത്തുന്നവ മിക്കതും ഞാന്‍ കേട്ടിട്ട് പോലുമില്ല . എങ്കിലും മനസ്സില്‍ നിറയുന്ന കാര്യങ്ങളെ , അവ എന്തിനെ പറ്റിയുള്ളതായാലും ശരി, കപട ബുദ്ധിജീവികളുടെ വളച്ചുകെട്ടില്ലാതെ ഒരു സാധാ മലയാളിയായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരിടം . അതാണ്‌ മിണ്ടാട്ടം . നിങ്ങളും കൂടില്ലേ എന്റെ കൂടെ ഈ മിണ്ടാട്ടത്തില്‍.?? സ്വല്‍പ്പം ആധുനികമായി പറഞ്ഞാല്‍: ” ഇനിയും നീ ഇത് വഴി വരില്ലേ..ആനകളെയും തെളിച്ചുകൊണ്ട്..” :-)

16 thoughts on “ചെമ്മീന്‍ -റിവ്യൂ ( ന്യു ജനറേഷന്‍ )”

  1. ഹ ഹഹഹ.. ചിരിപ്പിച്ചു കളഞ്ഞല്ലോ ഇഷ്ടാ..
    സംഭവം സംഭവായി കെട്ടാ………

  2. കലക്കീട്ട്ണ്ട് ഓരോ നിരൂപണം വായിച്ചാൽ തലയ്ക് വെളിവുള്ളവന്മാരാണോ ഇതൊക്കെ എഴുതിവിടുന്നത് എന്നു വരെ തോന്നാറുണ്ട്

  3. അമ്മച്ചീ മാരക കോമഡി… ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി … ഹയ്യോ!!!

    എല്ലാ “ബുജി” ടീംസിനും ഇട്ടു ഒരു ഒന്നൊന്നര താങ്ങ് തന്നെ താങ്ങി! കലക്കി അണ്ണാ കലക്കി!

    ഒരൊറ്റ പാരഗ്രഫ് പോലും ചിരിക്കാതെ വായിക്കാന്‍ പറ്റീല്ല… മാരകം! അതിഭീകരം!

  4. ഇതിലും മനോഹരമായ രീതിയില്‍ എങ്ങിനെയാണ് നിരുപകരെ നിരുപിക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ