സുക്കെര്‍ സായിപ്പ് സുയ്പ്പായി

ജീവിതത്തില്‍ വിജയിക്കാറായ എല്ലാ ആണുങ്ങളുടെയും പിന്നില്‍ അവരെ കുത്തുപാള എടുപ്പിക്കാന്‍ പോന്ന ഒരു പെണ്ണ് കൂടി ഉണ്ടായിരിക്കും എന്ന് ആരോ പറഞ്ഞത് ഓര്‍മവരുന്നു.പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം ഫേസ്ബുക്ക് മുതലാളി മാര്‍ക്ക്‌ സുക്കെര്‍ബെര്‍ഗിനെ പറ്റിയാണ്.കല്യാണം കഴിഞ്ഞതോടെ അങ്ങേരുടെ ശുക്രന് ഇപ്പോള്‍ ശനിയുടെ അപരാധമോ അപഹാരമോ മറ്റോ പിടിച്ചിരിക്കുകയാണെന്ന് തോന്നുന്നു.ഫേസ്ബുക്ക് മറ്റു ബുക്കുകള്‍ പോലെ തന്നെ വിരസമായി തുടങ്ങി എന്നാണു പുതിയ പല സര്‍വെകളും സൂചിപ്പിക്കുന്നത്.അതെ ..ഫേസ്ബുക്കിന്റെ കട്ടയും പടവും മടങ്ങും..ഇപ്പോളല്ല പിന്നെ..

അറിഞ്ഞൂടാത്ത ഓഹരി വിപണിയില്‍ (എനിക്കും )  കാശ് ഇറക്കിയാല്‍ വല്യ ലാഭംനേടാം എന്ന ധാരണയില്‍ കൈവിട്ട കളി നടത്തിയ സുക്കര്‍ ഇപ്പോള്‍ സക്കര്‍ ആയിരിക്കുകയാണ്.ഈ തീരുമാനത്തിന് പിന്നില്‍ സ്വന്തം പെണ്ണിന്റെ പിന്‍ബുദ്ധി (അഥവാ തലയിണമന്ത്രം) ആണെന്ന് ബലമായി ഞാന്‍ സംശയിക്കുന്നു.ഒന്നുംരണ്ടുമല്ല സുമാര്‍ ഏഴു ബില്യണ്‍ ഡോളറിന്റെ പണിയാണ് സുക്കര്‍ മോന് കിട്ടിയത്.അതെത്ര കോടി രൂപയാണെന്ന് അമ്മച്ചിയാണേ എനിക്കറിയില്ല.പോരാഞ്ഞിട്ട് പല സര്‍വെക്കാരും മുട്ടിനു മുട്ടിനു കുന്നായ്മത്തരങ്ങളും പറഞ്ഞു പരത്തുന്നുണ്ട്.പഴയ പോലെ സുക്കര്‍അണ്ണനും ഫെസ്ബുക്കിനും ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവര്‍ ഏകസ്വരത്തില്‍ ഇല്ലാവചനം പറയുന്നത്.

ഫേസ്ബുക്ക് കാലാകാലങ്ങളായി നടത്തി വരുന്ന പല പരീക്ഷണങ്ങളും ഉപഭോക്താകളെ തൃപ്തിപ്പെടുത്തുന്നില്ല എന്നാണു കേള്‍വി.ടൈം ലൈന്‍ പോലുള്ള പുതിയ ഏര്‍പ്പാടുകള്‍ ആരാധകരെ അങ്ങട് സുഖിപ്പിക്കുന്നില്ല എന്ന് ചുരുക്കം.എന്നാല്‍ ഈ അവസരം മുതലെടുത്ത്‌ ഫെസ്ബുക്കിനെ മറ്റൊരു ഓര്‍ക്കുട്ട് ആക്കി മാറ്റാന്‍ ഒരു പുന്നാരമോനും മേനക്കെടെണ്ടതില്ല എന്നാണു ചില കടുത്ത ഫേസ്ബുക്ക് പ്രേമികള്‍ പറയുന്നത്.ആരുടേയും സഹായമില്ലാതെ തന്നെ അത് തന്നെത്താന്‍ ഓര്‍ക്കുട്ട് ആയി മാറാന്‍ പോവുകയാണ് എന്നാണു ആ വാക്കുകള്‍ക്കിടയില്‍ ധ്വനിക്കുന്നത്‌.

ഫേസ്ബുക്ക് പോലെ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സോഷ്യല്‍ മീടിയയും ഉണ്ടെന്നു തോന്നുന്നില്ല.പല സ്ഥലങ്ങളിലും അടുത്തിടെ ഉണ്ടായ ജനാധിപത്യത്തിന്റെ പുതുവസന്തം ഒരു തരത്തില്‍ സോഷ്യല്‍മീഡിയകളുടെ (പ്രധാനമായും ഫെസ്ബുക്കിന്റെ) കൂടി വിജയമായി കണക്കാക്കിപ്പോരാറുണ്ട്‌.ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌ എന്നീ പേരുകള്‍ ഈ പറഞ്ഞ മീഡിയകളുടെ കൂടെ കേള്‍ക്കുന്നുണ്ടെങ്കിലും  അവയ്ക്കൊന്നും ഫെസ്ബുക്കിന്റെ ആ ഒരു ക്ലാസ്സ്‌ ആന്‍ഡ്‌ മാസ് ഫീല്‍  കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.(ട്വിറ്റെര്‍ സെലിബ്രെട്ടികളെ ഹഠദാകര്‍ഷിക്കുന്നു എന്ന് പറയാതെ വയ്യ.പാവപെട്ടവന്‍ ട്ട്വീറ്റിയാല്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാറില്ലല്ലോ.)

ഈ പോസ്റ്റിലേക്ക് നിങ്ങളെപ്പോലുള്ള വായനക്കാരെ ആകര്‍ഷിക്കുവാനും ലൈക്‌ മേടിക്കാനും , ഷെയര്‍ ചെയ്യാനും എനിക്കും നിങ്ങള്‍ക്കും എല്ലാം ഫെസ്ബുക്കിനെ വേണം.എന്നാല്‍ ഈ പ്രസ്ഥാനം അടുത്ത ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പോട്ടിപാളീസാകുമെന്നു പലരും ഇതിനോടകം അഭിപ്രായപ്പെട്ടുകഴിഞ്ഞിരിക്കുന്നു.ചുമ്മാ വായിതോന്നിയ അഭിപ്രായം പറയുകയല്ല ഇവര്‍.ഇനിയുള്ള കാലം മൊബൈല്‍ വഴിയുള്ള സുനകള്‍ ആവും സോഷ്യല്‍ മീടിയായ സിന്ടിക്കേട്ടിനെ ഭരിക്കുക എന്നാണു അവര്‍ കാര്യ കാരണങ്ങളോടെ സമര്‍ഥിക്കുന്നത്.

മൈ സ്പേസ് പൊട്ടിതകര്‍ന്നത് പ്രധാനമായും നാല് കാര്യങ്ങള്‍ കൊണ്ടാണെന്ന് പല പ്രമുഖ സൈറ്റുകളും പറയാറുണ്ട്‌.ഫെസ്ബുക്കിന്റെ കാര്യത്തിലും ഈ നാല് കാര്യങ്ങള്‍ അര്‍ത്ഥവത്താകും എന്നാണ് തോന്നുന്നത്.ഒന്നാമത് പറയുന്നത് യൂസേര്‍സിനെ തൃപ്തിപ്പെടുത്തുന്നില്ല എന്നുള്ളതാണ്.അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സൌകര്യങ്ങള്‍ ഒന്നും ലഭ്യമല്ല എന്നുള്ള പരാതികള്‍ക്ക് പുറമേ പ്രൈവസി സംബന്ധമായ തര്‍ക്കങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം.കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാര്യങ്ങളാകട്ടെ വേണ്ട പോലെ ക്ലിക്ക് ആവുന്നുമില്ല.ഫേസ്ബുക്ക് , തങ്ങളെ പറ്റിയോ തങ്ങള്‍ക്കു മുന്നിലുള്ള അനന്തമായ സാധ്യതകളെ പറ്റിയോ ഗഹനമായി ചിന്തിക്കുന്നില്ല എന്നുള്ളതാണ് മൂന്നാമത്തെ കാര്യം.ഒരു മാതിരി മുഴുവന്‍ തേങ്ങ കിട്ടിയ പട്ടിയുടെ അവസ്ഥ.അവസാനമായി നിയന്ത്രണത്തിലെ  പിഴവുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.തലപ്പത് നടക്കുന്ന പല കൊള്ളരുതായ്മകളുടെ വാര്‍ത്തകളും നമ്മള്‍ ഫേസ്ബുക്ക് വഴി തന്നെ വായിച്ചറിയാറുണ്ടല്ലോ.

അവിടെ നടക്കുന്ന ആണ്‍പെണ്‍ മേല്‍ക്കൊയ്മകളുടെയും ഈഗോകളുടെയും അതുവഴിയുള്ള ചീത്തപ്പേരുകളുടെയും  മഞ്ഞ വാര്‍ത്തകള്‍ പലതും ഷെയര്‍ചെയ്തു കിട്ടിയത്  വായിച്ചിട്ടുണ്ട്.ഏതായാലും പുത്തനച്ചിയുടെ രാശി കേമം.വലുതൊന്നും വരാതിരുന്നാല്‍ ഭാഗ്യം.

ഫേസ്ബുക്ക് ഈ ബ്ലോഗ്ഗിന്റെ ഐശ്വര്യം…     🙂

Published by

മിണ്ടാട്ടക്കാരന്‍

കോട്ടയംകാരനായ വേദനിക്കുന്ന ഒരു കോടീശ്വരന്‍. ആയിരം രൂപയുടെ ഒറ്റനോട്ടു ഇതുവരെ തികച്ചു കണ്ടിട്ടില്ല എന്നാലും ചുമ്മാ കെടക്കട്ടെ . യേത് ? ഒരു ശുദ്ധ പാവം . ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന മഹാസാധു. വെള്ളമടിച്ചാല്‍ വെറും ആഭാസന്‍ . പൂസായാല്‍ , ഏതൊരു മലയാളിയും പോലെതന്നെ ആരാന്റെ നെഞ്ചത്ത്‌ കുതിരകേറാതെ ഉറക്കംവരാത്ത മഹാ അലവലാതി . ഡിഗ്രി നേടിയത് എഞ്ചിനീയറിങ്ങില്‍ . പക്ഷെ ഇപ്പോഴും ആ വാക്കിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല . അഹങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്ന പ്രമുഖ സാഹിത്യ-സാംസ്കാരിക വില്ലന്‍ . ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌കാരനല്ലാത്ത ഒരു അപൂര്‍വ്വ ജന്മം . എങ്കിലും കോണ്‍ഗ്രസ്സുമായിട്ടുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്തുന്ന വൈരുദ്ധ്യാത്മക ന്യു ജനറേഷന്‍ കുലംകുത്തി . ചുരുക്കി പറഞ്ഞാല്‍ ഒരു അമുട്ടികണ്ടന്‍ഇടിവെട്ട് !!! എന്നിരുന്നാലും, എഴുതുന്ന വാക്കുകളില്‍ കൃത്യത പുലര്‍ത്തുവാനും ആശയങ്ങളില്‍ സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുവാനും കഴിയണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ . അങ്ങനെ എഴുതുമ്പോള്‍ മനസ്സിലുള്ളത് മുഴുവന്‍ നിര്‍ഭയമായി വിളിച്ചുപറയാന്‍ ബ്ലോഗ് എന്ന മാധ്യമം തന്നെയാകും ഏറ്റവും ഉചിതമെന്ന് ഞാന്‍ മനസ്സിലാക്കുന്നു . അങ്ങനെയാണ് കുറച്ചുനാള്‍ മുന്‍പ് വരെ തീര്‍ത്തും അപരിചിതമായിരുന്ന ബ്ലോഗ്ഗിങ്ങിലേക്ക് തിരിയുന്നത് . ആഴമേറിയ വായനയിലൂടെ ഒരിക്കലും ഞാന്‍ സഞ്ചരിച്ചിട്ടില്ല. ലോക ക്ലാസ്സിക്കുകള്‍ എന്ന് വാഴ്ത്തുന്നവ മിക്കതും ഞാന്‍ കേട്ടിട്ട് പോലുമില്ല . എങ്കിലും മനസ്സില്‍ നിറയുന്ന കാര്യങ്ങളെ , അവ എന്തിനെ പറ്റിയുള്ളതായാലും ശരി, കപട ബുദ്ധിജീവികളുടെ വളച്ചുകെട്ടില്ലാതെ ഒരു സാധാ മലയാളിയായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരിടം . അതാണ്‌ മിണ്ടാട്ടം . നിങ്ങളും കൂടില്ലേ എന്റെ കൂടെ ഈ മിണ്ടാട്ടത്തില്‍.?? സ്വല്‍പ്പം ആധുനികമായി പറഞ്ഞാല്‍: ” ഇനിയും നീ ഇത് വഴി വരില്ലേ..ആനകളെയും തെളിച്ചുകൊണ്ട്..” :-)

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ