ഷവര്‍മ്മാസനം-ഒരു ഷവര്‍മ്മ ഉണ്ടാക്കിയ കഥ

ഷവര്‍മ്മ കഴിച്ചു തലസ്ഥാന നഗരിയില്‍ ഒരാള്‍ മരിച്ചു..അതിനെത്തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്ത് ഇത് വരെ കാണാത്ത ഷവര്‍മ വിരുദ്ധ തരംഗം അലയടിച്ചുകൊണ്ടിരിക്കുകയാണ്..സത്യത്തില്‍ ഷവര്‍മ്മ എന്ത് അപരാധമാണ് ചെയ്തത്.?ഷവര്‍മ്മയാണോ, അതോ അത് മേടിച്ചു കഴിച്ച കടയിലെ അന്തരീക്ഷമാണോ ,അതോ അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളിലെ മായമാണോ, അതോ പഴക്കം ചെന്ന ഇറച്ചിയാണോ മരണകാരണം എന്ന് വ്യക്തമല്ല..എങ്കിലും മാധ്യമങ്ങള്‍ ഷവര്‍മ്മയെ ആണ് പ്രതിസ്ഥാനത് നിര്‍ത്തി വിചാരണ ചെയ്യുന്നത്.. ആരാണ് കൊലയാളി എന്ന് വ്യക്തമാവും മുന്പ് സീ.പീ.എം എന്ന് വിളിച്ചു പറയുന്ന മാധ്യമ ഗുണ്ടായിസം ഇവിടെ ഷവര്‍മ്മക്ക് നേരെയും  ആവര്‍ത്തിക്കപ്പെട്ടു..

സ്കൂള്‍-കോളേജ് പിള്ളേര്‍ക്കും, ഓടിപാഞ്ഞു ജോലിക്ക്  പോകുന്നവര്‍ക്കും വല്യ പാടൊന്നുമില്ലാതെ പെട്ടന്ന് അകത്തക്കാവുന്ന സാധു ഫാസ്റ്റ് ഫുഡ്‌ മാത്രമായിരുന്നു ഈ  സംഭവത്തിനു തൊട്ടു മുന്‍പ് വരെ ഷവര്‍മ്മ..ഷവര്‍മ്മ മേഖലയെ തകര്‍ക്കാന്‍ വേണ്ടി നവ മാധ്യമ സിണ്ടിക്കെറ്റും പൊറോട്ട-ബീഫ് വിരുദ്ധ പ്രചാരണത്തില്‍ തകര്‍ന്നു പോയ പൊറോട്ടയടിക്കാരും  നടത്തുന്ന വൃത്തികെട്ട പൊറോട്ടാ നാടകം ആണിത് എന്നാണു എന്റെ ശക്തമായ അഭിപ്രായം..

ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിനെതിരെയോ പഴകിയതും മായം ചേര്‍ത്തതും ആയ ഭക്ഷിയവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട വന്‍കിട  ചായക്കടകള്‍ക്കെതിരെയോ ചെറുവിരല്‍ അനക്കാത്ത ഭരണകൂടം ഷവര്‍മ്മയെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് പൈശാചികമാണ് ക്രൂരമാണ് ഷവര്‍മീയമാണ്..നേരത്തെ നമ്മുടെ ദേശീയ ഭക്ഷണമായ പൊറോട്ടക്കെതിരെയും സമാനമായ ആക്രമണം സോഷ്യല്‍മീഡിയകളും ഇതര വലതുപക്ഷ നവമാധ്യമ പരിഷകളും നടത്തിയിരുന്നു..

എന്നാല്‍ പോറോട്ടയെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ഒരു രക്തസാക്ഷിയെപ്പോലും ലഭിച്ചിരുന്നില്ല..ആ കുറവാണ് ഷവര്‍മ പീഡന കേസില്‍ സോഷ്യല്‍മീടിയകള്‍ക്ക് ലഭിച്ചിരിക്കുന്നത്..ഷവര്‍മ്മ ഒരു പോഷക മൂല്യമേറിയ ഭക്ഷണമാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല..പലരും അവജ്ഞയോടെ മാത്രം നോക്കി കാണുന്ന ഫാസ്റ്റ് ഫുഡ്‌ ശ്രേണിയില്‍ പെട്ട ഒരു ഗള്‍ഫ്‌ വിഭവം മാത്രം..

പണ്ട് 20 രൂപയ്ക്കു ലഭിച്ചിരുന്ന ഷവര്‍മ്മ ഇപ്പോള്‍ 60 മുതല്‍ 80 രൂപയ്ക്കു വരെ ആണ് ലഭിക്കുന്നത്..ആ വിലക്കയറ്റം ഷവര്‍മ്മ പ്രേമികള്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.അവര്‍ ഷവര്‍മ്മയെ അതിരറ്റു സ്നേഹിച്ചുകൊണ്ടിരുന്നു ..ഏറണാകുളത്തെയും തിരുവനതപുരത്തെയും ഇപ്പോള്‍ കോട്ടയത്തെയും ഷവര്‍മ സ്റ്റാളുകള്‍ ഈ സംഭവത്തിന്‌ മുന്‍പ് വരെ അഭൂതമായ തിരക്കിനാല്‍ വശംകെട്ടു നില്‍ക്കുന്ന കാഴ്ച ഏതു ഷവര്‍മാസ്വാദകനെയും കുളിരണിയിപ്പിച്ചിരുന്നു.പക്ഷെ ഷവര്‍മ നിരോധിക്കാന്‍ പോകുന്നു എന്നാ വാര്‍ത്ത അവരുടെ ഷവര്‍മ്മയില്‍ പാറ്റ ഇടുന്നതിനു തുല്യമായ നടപടി ആണ്..

ഉച്ചിമുതല്‍ ഉള്ളംകാല് വരെ ശൂലം കയറി നില്‍ക്കുന്ന ഒരുവന്‍റെ അവസ്ഥയിലുള്ള ഷവര്‍മ്മയെ  വീണ്ടും വീണ്ടും കുത്തിനോവിക്കാനെ സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തി സഹായകരമാവൂ.എരിതീയില്‍ ശൂലത്തില്‍ കയറി വട്ടം കറങ്ങുന്ന ഷവര്‍മ്മയുടെ  ത്യാഗമാനോഭാവം എല്ലാവരും മാതൃകയാകണം എന്നാണു എന്റെ അഭിപ്രായം..ചത്ത്‌ ചീഞ്ഞ കോഴിയും ആട്മാടുകളും ഷവര്‍മയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.പഴക്കം ചെന്ന ഇറച്ചിയില്‍ പലതരം ബാക്റ്റീരിയകള്‍ വളരുമെന്നും അത് നമ്മുടെ മരണത്തിനു വരെ കാരണമാകുമെന്നും ഏതു കൊച്ചു കുട്ടിക്കും അറിവുള്ളതാണല്ലോ. അതുപോലെ മറ്റു ചേരുവകളും മായം ചേര്‍ക്കാത്തവയും കാലാവധി കഴിയാത്തവയുമാണെന്നു ഉറപ്പാക്കണം. അത് പാകം ചെയ്യുന്ന അന്തരീക്ഷം വൃത്തിയും ശുചിത്വവും ഉള്ളതാണെന്നും പാകം ചെയ്യുന്നവന്‍ പണി അറിയാവുന്നവന്‍ ആണെന്നും ഹോട്ടല്‍ മുതലാളിമാര്‍ ഉറപ്പു വരുത്തണം.അങ്ങനെ ചെയ്‌താല്‍ മാത്രമെ ഇനി ഷവര്‍മ്മക്ക്  ജനമനസ്സുകളില്‍ മടങ്ങിയെത്താന്‍ പറ്റൂ .

ഷവര്‍മ മാത്രമല്ല ,മറ്റു ഭക്ഷണ സാധനങ്ങള്‍ക്കും മേല്‍ പറഞ്ഞ നിബന്ധനകള്‍ ബാധകമാണ്..എന്നാല്‍ മറ്റു പലതും കഴിച്ചു ആളുകള്‍ മരണപ്പെട്ടിട്ടും സര്‍ക്കാര്‍ അവയെ ഒന്നും നിരോധിക്കാതെ  ഷവര്‍മയെ മാത്രം കുറ്റപ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്..മദ്യദുരന്തങ്ങള്‍ ഏറെ ഉണ്ടായിട്ടും മദ്യം നിരോധിക്കാത്തതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്..( മദ്യം ഒരിക്കലും നിരോധിക്കപ്പെടെണ്ട ഒന്നല്ല ..പ്രത്യേകിച്ചും കേരളത്തില്‍ .. 🙂 )

എത്രയോ നാളായി കോട്ടയത്തെ പല വമ്പന്മാരുടെയും ഹോട്ടെലുകളും ബാറുകളും മറ്റും പഴകിയ പുഴുവരിക്കുന്ന ഭക്ഷണം കൊടുത്ത് വിലസി നടക്കുന്നു…അത് ടീ.വീ കാരും പത്രക്കാരും ആദ്യ ബഹളത്തിനു ശേഷം മുക്കി..രണ്ടെണ്ണം അടിക്കാന്‍ ബാറില്‍ എത്തുന്നവന്റെ ടച്ചിങ്ങ്സില്‍ വരെ മായവും പഴക്കവുംഉള്ള  കോപ്പെല്ലാം വിളംബുന്നവ്റെയും അതിന്റെ മോതലാളിയുടെയും ചന്തിയിലൂടെ ശൂലം കയറ്റി വായിലൂടെ പുറത്തെടുത്തു ഷവര്‍മ പോലെ തീയില്‍ ഇട്ടു വട്ടം കറക്കണമെന്നാണ് എനിക്ക് പറയാന്‍ ഉള്ളത്..

എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം ..അത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ബോര്‍ ആക്കുന്നില്ല ..ഹോട്ടെലുകളില്‍ വൃത്തി വേണം ,അധികാരികള്‍ ഉണരണം ,നിയമം കര്‍ശനമാക്കണം,ജബ ജബ …..ആരുടെ ചെവിയിലാ ഈ വേദം ഓതുന്നത്‌..ഇനി കുറച്ചു നാള്‍ കൊണ്ട് എല്ലാരും ഇത് മറക്കുമല്ലോ..അപ്പോള്‍ എല്ലാം പഴയത് പോലെ..പിന്നൊരുനാള്‍ മറ്റെന്തെങ്കിലും കഴിച്ചു മറ്റേതെങ്കിലും ഹതഭാഗ്യന്‍ മരണപ്പെടണം..അപ്പോള്‍ ഈ പറഞ്ഞ പുക്കാറുകള്‍ വീണ്ടും ഉണ്ടാവും..ഇത് കേരളത്തിന്റെ ഒരു പ്രത്യേക സൂക്കേടാണ്..നമുക്കെന്തു ചേതം..

എങ്കിലും പ്രിയ സുഹൃത്തുക്കളേ , നിങ്ങളോടൊരു വാക്ക് .. ..ഭക്ഷണ സംബന്ധമായതോ ഹോട്ടെല്‍ സംബന്ധമായതോ ആയ പരാതികള്‍ക്ക് നിങ്ങള്‍ വില്‍ക്കേണ്ടതു ഈ നമ്പറിലെക്കാണ്- 1800 425 1125 .ഫുഡ്‌ സേഫ്റ്റി ഓഫീസറുടെ ടോള്‍ഫ്രീ നമ്പര്‍ ആണിത്.പരാതികള്‍ പറയണമെങ്കില്‍ തെളിവിനുവേണ്ടി ബില്‍ കൂടി ചോദിച്ചു മേടിക്കാന്‍ മറക്കരുത്..സാധാരണ നമ്മുടെ കോട്ടയത്ത്‌ ഏതു ചായക്കടളിലും ബില്‍ അടക്കാന്‍ കൌണ്ടറില്‍ എത്തുമ്പോള്‍ ആ ബില്ലിനെ കടക്കാരന്‍ മറ്റൊരു ശൂലത്തില്‍ കുത്തി നിര്‍ത്തുകയാണ് പതിവ്..(ഒരു മാതിരി ഷവര്‍മയോട് പെരുമാറുന്നത് പോലെ  🙂  ) ഇനി അത് പാടില്ല എന്നാണു എന്റെ അഭിപ്രായം..ബില്‍ ഉപഭോക്താവിന് ഉള്ളതാണ്..അല്ലാതെ കണ്ട കുന്തത്തിലൊക്കെ കുത്തികേറ്റാന്‍ ഉള്ളതല്ല ..

നോട്ടീസ്:ഷവര്‍മ്മയെ എനിക്ക് ഭയമില്ല..ഷവര്‍മ്മ എന്റെ ജീവനാണ്..ഞാന്‍ ഷവര്‍മ്മയെ സ്നേഹിക്കുന്നു..ഷവര്‍മ്മ നിരോധനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഞാന്‍ വയറുനിറയെ  ഷവര്‍മ്മ കഴിച്ചുകൊണ്ട് എന്റെ അമര്‍ഷം രേഖപ്പെടുത്തുമെന്ന് ഈ അവസരത്തില്‍ പ്രഖ്യാപിക്കുന്നു……..അല്ലെങ്കില്‍………വേണ്ട……..പിന്നെയാകാം …..ങേ….. ഹി..ഹി…ചെലപ്പോ പണി കിട്ടിയാലോ ..അല്ലേലും കോട്ടയത്തെ ഷവര്‍മ സ്റ്റാള്കാര്‍ക്കൊന്നും ഒരു വൃത്തിയും മെനയും ഇല്ലെന്നെ..  🙂

Published by

മിണ്ടാട്ടക്കാരന്‍

കോട്ടയംകാരനായ വേദനിക്കുന്ന ഒരു കോടീശ്വരന്‍. ആയിരം രൂപയുടെ ഒറ്റനോട്ടു ഇതുവരെ തികച്ചു കണ്ടിട്ടില്ല എന്നാലും ചുമ്മാ കെടക്കട്ടെ . യേത് ? ഒരു ശുദ്ധ പാവം . ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന മഹാസാധു. വെള്ളമടിച്ചാല്‍ വെറും ആഭാസന്‍ . പൂസായാല്‍ , ഏതൊരു മലയാളിയും പോലെതന്നെ ആരാന്റെ നെഞ്ചത്ത്‌ കുതിരകേറാതെ ഉറക്കംവരാത്ത മഹാ അലവലാതി . ഡിഗ്രി നേടിയത് എഞ്ചിനീയറിങ്ങില്‍ . പക്ഷെ ഇപ്പോഴും ആ വാക്കിന്റെ അര്‍ഥം നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല . അഹങ്കാരത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്ന പ്രമുഖ സാഹിത്യ-സാംസ്കാരിക വില്ലന്‍ . ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌കാരനല്ലാത്ത ഒരു അപൂര്‍വ്വ ജന്മം . എങ്കിലും കോണ്‍ഗ്രസ്സുമായിട്ടുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്തുന്ന വൈരുദ്ധ്യാത്മക ന്യു ജനറേഷന്‍ കുലംകുത്തി . ചുരുക്കി പറഞ്ഞാല്‍ ഒരു അമുട്ടികണ്ടന്‍ഇടിവെട്ട് !!! എന്നിരുന്നാലും, എഴുതുന്ന വാക്കുകളില്‍ കൃത്യത പുലര്‍ത്തുവാനും ആശയങ്ങളില്‍ സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുവാനും കഴിയണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ . അങ്ങനെ എഴുതുമ്പോള്‍ മനസ്സിലുള്ളത് മുഴുവന്‍ നിര്‍ഭയമായി വിളിച്ചുപറയാന്‍ ബ്ലോഗ് എന്ന മാധ്യമം തന്നെയാകും ഏറ്റവും ഉചിതമെന്ന് ഞാന്‍ മനസ്സിലാക്കുന്നു . അങ്ങനെയാണ് കുറച്ചുനാള്‍ മുന്‍പ് വരെ തീര്‍ത്തും അപരിചിതമായിരുന്ന ബ്ലോഗ്ഗിങ്ങിലേക്ക് തിരിയുന്നത് . ആഴമേറിയ വായനയിലൂടെ ഒരിക്കലും ഞാന്‍ സഞ്ചരിച്ചിട്ടില്ല. ലോക ക്ലാസ്സിക്കുകള്‍ എന്ന് വാഴ്ത്തുന്നവ മിക്കതും ഞാന്‍ കേട്ടിട്ട് പോലുമില്ല . എങ്കിലും മനസ്സില്‍ നിറയുന്ന കാര്യങ്ങളെ , അവ എന്തിനെ പറ്റിയുള്ളതായാലും ശരി, കപട ബുദ്ധിജീവികളുടെ വളച്ചുകെട്ടില്ലാതെ ഒരു സാധാ മലയാളിയായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരിടം . അതാണ്‌ മിണ്ടാട്ടം . നിങ്ങളും കൂടില്ലേ എന്റെ കൂടെ ഈ മിണ്ടാട്ടത്തില്‍.?? സ്വല്‍പ്പം ആധുനികമായി പറഞ്ഞാല്‍: ” ഇനിയും നീ ഇത് വഴി വരില്ലേ..ആനകളെയും തെളിച്ചുകൊണ്ട്..” :-)

3 thoughts on “ഷവര്‍മ്മാസനം-ഒരു ഷവര്‍മ്മ ഉണ്ടാക്കിയ കഥ”

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ